Saturday, December 1, 2007

തോമസ്സാറിന്റെ മകന്‍.....................(ഒരു കഥ)

(നിയമപരമായ മുന്നറിയിപ്പ്‌: ഇതില്‍ വിവരിക്കുന്ന സംഭവവും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമാണ്‌)
തോമസ്സാറിന്റെ മകന്‍ എന്റെ സഹപാഠിയായിരുന്നു. ഒന്നു മുതല്‍ പ്രീഡിഗ്രിവരെ ഞങ്ങള്‍ ഒന്നിച്ച്‌ പഠിച്ചു. ഡിഗ്രിക്ക്‌ ചേര്‍ന്നപ്പോഴാണു ഞങ്ങള്‍ വഴിപിരിയുന്നത്‌. പിന്നെയും കുറേക്കാലം കൂടി ആ സൗഹൃദം ഊഷ്മളമായി തുടര്‍ന്നു. അത്‌ തികച്ചും നഷ്ടമായത്‌ അഞ്ചു കൊല്ലം മുന്‍പ്‌ ഒരു ഫോണ്‍കോളിലൂടെയായിരുന്നു.
അദ്ധ്യാപകരും എന്‍.ജി.ഓമാരും ദീര്‍ഘമായ ഒരു സമരത്തിലേര്‍പ്പെട്ട കാലം. സമരം തകര്‍ക്കാന്‍ ഗവണ്മെന്റിന്റെ ഉദ്ദ്യോഗസ്ഥ തലപ്പത്ത്‌ തോമസ്സാറിന്റെ മകനായിരുന്നു. ആഗോളീകരണത്തിന്റെ കാലത്ത്‌ തന്ത്രങ്ങള്‍ വ്യത്യസ്ഥമാണു. നേരിട്ടുള്ള ശാരീരിക പീഢനങ്ങളേക്കാള്‍ പുതുലോകത്തിനു പഥ്യം മാനസികമായ പീഢനങ്ങളാണെന്ന് തോന്നുന്നു. അതിനുള്ള ഉപദേശങ്ങള്‍ കൊടുക്കാന്‍ നിയോഗിക്കപ്പെട്ടത്‌ തോമസ്സാറിന്റെ മകനായിരുന്നു. എന്റെ സ്നേഹിതന്‍!
അതേക്കുറിച്ചൊന്നും ഞാന്‍ ശ്രദ്ധിക്കുമായിരുന്നില്ല, ആ ജാമ്യത്തിനു വേണ്ടി ഞാന്‍ ഹാജരാകാതിരുന്നെങ്കില്‍....
സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരോട്‌ എനിക്കൊരിക്കലും അനുകമ്പ തോന്നിയിട്ടില്ല. ഒരു കാര്യം എങ്ങനെ ചെയ്യണമെന്നല്ല, എങ്ങനെ ചെയ്യാതിരിക്കണമെന്നാണു അവരുടെ മനസിലിരിപ്പ്‌. വ്യത്യസ്ഥരായ ഉദ്ദ്യോഗസ്ഥന്മാര്‍ ഉണ്ടായിരിക്കാം. പക്ഷെ അവരുടെ എണ്ണം വളരെക്കുറവാണു. ഞാന്‍ നേരത്തെ പറഞ്ഞതാണ്‌ ഉദ്യോഗസ്ഥന്റെ പൊതുസ്വഭാവം. കൈമടക്ക്‌ അംഗീകൃതമാണെന്നാണു പലരുടേയും വിചാരം. നികുതി കൊടുക്കുന്നവരില്‍ പണക്കാരോട്‌ പ്രത്യേകം ഒരാദരവുണ്ട്‌. താഴ്‌ന്നതെന്ന് മുദ്രകുത്തപ്പെട്ടവര്‍ പൊതുസ്വത്ത്‌ ചൂഷണം ചെയ്യുന്നു എന്നൊരു ചിന്ത മിക്ക ഉദ്ദ്യോഗസ്ഥരുടെയും ഉള്ളിലുണ്ട്‌. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്‌ ചൂഷണം ചെയ്യുന്നവരെ കാണുമ്പോള്‍ കണ്ണടയ്ക്കുകയും ചെയ്യും. അവരുടെ സമരം ഒരു തരത്തിലും അനുകമ്പാര്‍ഹമാണെന്ന് ഞാന്‍ കരുതിയില്ല. അവര്‍ തളരുന്നത്‌ കണ്ടപ്പോള്‍‍ ഞാന്‍ സന്തോഷിക്കുകയും ചെയ്തു.
ആ ജാമ്യമെടുപ്പിനു തൊട്ടുമുന്‍പ്‌ വരെ അതായിരുന്നു എന്റെ മനോഭാവം.... എന്റെ പഴയകാല സുഹൃത്തിനെ നേരില്‍ വിളിച്ച്‌ സംസാരിക്കുന്നതു വരെയും.......
സബ്ബ്‌ ജയിലില്‍ റിമാന്‍ഡ്‌ ചെയ്യപ്പെട്ട ഒരു യൂണിയന്‍ പ്രവര്‍ത്തകയായിരുന്നു എന്റെ കക്ഷി. അവള്‍ പൂര്‍ണ്ണഗര്‍ഭിണിയായിരുന്നു. ശക്തയായ യൂണിയന്‍ പ്രവര്‍ത്തക എന്ന നിലയില്‍ അറസ്റ്റിനേത്തുടര്‍ന്ന് അവള്‍ ജ്യാമ്യത്തിനു ശ്രമിച്ചില്ല. യൂണിയന്റെ തീരുമാനവും അതായിരുന്നു. പക്ഷെ അവളുടെ ശാരീരികസ്ഥിതി ഒട്ടും ഭദ്രമായിരുന്നില്ല. Rh പ്രശ്നമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. എപ്പോഴാണു ഒരു ഡോക്ടറുടെ സേവനം ആവശ്യമായി വരികയെന്നറിയില്ല. റിമാന്‍ഡ്‌ കാലാവധിക്കുള്ളില്‍ തന്നെ പ്രസവം നടക്കാനുള്ള സാദ്ധ്യതയും ഉണ്ട്‌. എത്രയും പെട്ടെന്ന് അവളെ പുറത്തിറക്കണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യം ഞാന്‍ ഏറ്റെടുത്തു. അതിനു പിന്നില്‍ യൂണിയന്റെ പരോക്ഷമായ സമ്മതവും ഉണ്ടായിരുന്നു.
അവശ്യ സര്‍വ്വീസ്‌ നിയമപ്രകാരം അറസ്റ്റിലായ ഒരാള്‍ക്ക്‌ ആ സമയത്ത്‌ ജാമ്യം കിട്ടുക പ്രയാസമായിരുന്നു. പിന്നീട്‌ അതിനു മാറ്റമുണ്ടായി. ബിനു കേരളസര്‍ക്കാരിനെതിരെ കൊടുത്ത അന്യായത്തില്‍ ചീഫ്‌ ജസ്റ്റിസ്‌.ബി.എന്‍.കൃഷ്ണയും, ജ.ശിവരാമന്‍ നായരും ഉള്‍പ്പെട്ട ബഞ്ച്‌ ജാമ്യമനുവദിക്കാമെന്ന് വിധിച്ചു.
ഇവിടെ അതൊന്നുമല്ല കാര്യം. ഒരു മനുഷ്യന്‍ പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ മാറിപ്പോകുന്നു എന്നതാണു.അവള്‍ക്ക്‌ ജാമ്യം കിട്ടണമെങ്കില്‍ സര്‍ക്കാര്‍ വക്കീല്‍ സഹായിക്കണം. കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിനു തയ്യാറായി. അപ്പോഴും ഒരു പ്രശ്നം അവശേഷിച്ചു. മുകളില്‍ നിന്ന് ഒരു തലയാട്ടല്‍ ഇല്ലാതെ എങ്ങനെയാണു? മാന്യ അഭിഭാഷകന്‍ 100% വും ഒരു ഗവണ്മെന്റനുകൂലിയും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു. താന്‍ തന്നെ മുകളിലേക്ക്‌ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അനുകൂലമായ ഒരു മറുപടിയല്ല അതിനു കിട്ടിയത്‌. ആ മറുപടി നല്‍കിയതോ തോമസ്സാറിന്റെ മകനും.
എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ ബാല്യം എനിക്കോര്‍മ്മ വന്നു. തോമസ്സാറിന്റെ മകന്‍ ഇത്ര മാറിപ്പോയോ?
ഒരിടത്തരം അദ്ധ്യാപക കുടുംബമായിരുന്നു സാറിന്റേത്‌. സാറിനും ഭാര്യക്കും സര്‍ക്കാര്‍ സ്കൂളില്‍ ജോലിയുണ്ട്‌. നാലുമക്കള്‍. മൂത്തമകനാണു എന്റെ സഹപാഠി. കണക്കിലും സയന്‍സിലും മിടുക്കന്‍. എനിക്ക്‌ ഭാഷയിലും ചരിത്രത്തിലുമായിരുന്നു താല്‍പ്പര്യം. ഞങ്ങള്‍ പരസ്പരം അറിവുകള്‍ പങ്കു വച്ചു.
ഒന്നരയേക്കറോളം വരുന്ന സ്ഥലത്തെ റബ്ബര്‍ മരങ്ങളായിരുന്നു ശമ്പളത്തിനു പുറമേ സാറിനുള്ള വരുമാനം. അതിന്റെ കൃഷിപ്പണികള്‍ അഛനും മകനും ചേര്‍ന്നാണ്‌ നടത്തിയിരുന്നത്‌. തോമസ്സാറിന്റെ മകന്‍ എഞ്ജിനിയറിംഗ്‌ കോളേജില്‍ ചേര്‍ന്ന ശേഷവും അതിന്റെ പരിപാലനത്തില്‍ വിമുഖനായില്ല. ഒരു പക്ഷെ കോഴ്സ്‌ കഴിഞ്ഞിട്ട്‌ ജോലിയൊന്നും കിട്ടിയില്ലെങ്കില്‍ എവിടെയെങ്കിലും പോയി റബ്ബറുവെട്ടി തനിക്ക്‌ ജീവിക്കാനാകുമെന്ന് അയാള്‍ അഭിമാനത്തോടെ പറഞ്ഞിരുന്നത്‌ ഞാനിപ്പോഴും ഓര്‍ക്കുന്നു. ആ ഒരു ആത്മവിശ്വാസവും എളിമയും പുറമ്പൂച്ചായിരുന്നില്ല എന്നെനിക്ക്‌ ഉറപ്പുണ്ട്‌.
തോമസ്സാറിന്റെ മകന്‍ സ്വഭാവത്തില്‍ വിനയാന്വിതനായിരുന്നു. ദയാലുവുമായിരുന്നു. അയാള്‍ എന്നേപ്പോലെയല്ല. കുടുംബമഹിമയുടേയും സമ്പത്തിന്റേയും അഛന്റെ പദവിയുടേയും ഒരല്‍പം ഗര്‍വ്വ്‌ എന്നില്‍ നിറഞ്ഞു നിന്നത്‌ വാസ്തവം. അത്‌ ചോര്‍ത്തിക്കളഞ്ഞിരുന്നത്‌ എന്റെ സ്നേഹിതനോട്‌ അഛന്‍ എന്നെ താരതമ്യപ്പെടുത്തുമ്പോള്‍ ആയിരുന്നു. അയാള്‍ നല്ലൊരു മനുഷ്യനായി ജനങ്ങള്‍ക്ക്‌ പ്രയോജനകരമായ ഒരു ജീവിതം നയിക്കുമെന്ന് അഛന്‍ പ്രവചിച്ചിരുന്നു.അഛന്റെ പ്രവചനം ഒരു പരിധിവരെ ശരിയാകുകയും ചെയ്തു.
സിവില്‍ സര്‍വ്വീസിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അയാള്‍ തൊട്ടടുത്ത ജില്ലയില്‍ വന്നപ്പോള്‍ അയാളുടെ പ്രവര്‍ത്തികള്‍ ഞാന്‍ ശ്രദ്ധിച്ചു. പാവങ്ങളോട്‌ സഹാനുഭൂതിയുള്ള ഒരു ഓഫീസര്‍ എന്ന ഖ്യാതി അയാള്‍ നേടി. ജനത്തിനു പ്രയോജനപ്രദമാകുന്ന ഏത്‌ പദ്ധതികളും നടപ്പാക്കാന്‍ അയാള്‍ മടിച്ചില്ല. അതിനുവേണ്ടി രാഷ്ട്രീയക്കാരോട്‌ അവതാ പറയാനും അതില്‍ വഴങ്ങിയില്ലെങ്കില്‍ തെല്ല് ഭീഷണി ഉപയോഗിക്കാനും അയാള്‍ ധൈര്യപ്പെട്ടു. ഉദ്ദ്യോഗസ്ഥന്മാരെ സ്നേഹപൂര്‍വ്വം തന്റെയൊപ്പം നിര്‍ത്തി കാര്യങ്ങള്‍ നിര്‍വ്വഹിച്ചെടുക്കാന്‍ സവിശേഷമായ ഒരു വിരുത്‌ അയാള്‍ക്ക്‌ ഉണ്ടായിരുന്നു. അന്നൊക്കെ തോമസ്സാറില്‍ ഒരു അഭിമാനം തെളിഞ്ഞ്‌ നില്‍ക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. 30 വര്‍ഷം അദ്ധ്യാപകനായിരുന്ന് താന്‍ നേടിയതിനേക്കാള്‍ യശസ്സ്‌ തന്റെ മകന്‍ നേടുന്നത്‌ കണ്ടതിലെ ഒരാനന്ദം!
എന്റെ കക്ഷിക്ക് ജാമ്യം കിട്ടില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ നേരെ സാറിന്റെ അടുത്തേക്കാണു പോയത്‌. ഫോണെടുത്ത്‌ നമ്പര്‍ ഡയല്‍ ചെയ്ത്‌ നേരിട്ട്‌ എന്റെ കയ്യില്‍ സാര്‍ തന്നു.
"നീ തന്നെ അവനോട്‌ പറഞ്ഞോളൂ..."
ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ പഴയ കളിപ്പേര്‌ വിളിച്ചയാള്‍ എന്നെ കളിയാക്കി.
അയാള്‍ തിരക്കുള്ള ഒരു ഉദ്ദ്യോഗസ്ഥനാണെന്ന് അറിയാവുന്നതു കൊണ്ട്‌ പെട്ടെന്ന് തന്നെ കാര്യം ചുരുക്കി പറഞ്ഞു. അത്‌ കേട്ട്‌ ഉടനെ വീണ്ടും ഒരു കളി ചിരിയുടെ മട്ട്‌ കാണിച്ചതല്ലാതെ മറ്റൊന്നും അയാള്‍ പറഞ്ഞില്ല. എന്നോട്‌ പറയാന്‍ ഡിപ്ലോമാറ്റിക്കായ ഒരു ഉത്തരത്തിനു വേണ്ടി അയാള്‍ തിരയുകയാണെന്ന് എനിക്ക്‌ തോന്നി. കൃത്യമായി ഒരു ഉത്തരത്തിനുവേണ്ടി ഞാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ അയാള്‍ തീര്‍ത്ത്‌ പറഞ്ഞു:
"സാദ്ധ്യമല്ല".
A big NO."
“അവള്‍ക്ക്‌ ആരോഗ്യപ്രശ്നമുണ്ട്‌"-ഞാന്‍ കെഞ്ചി.
"അപ്പോള്‍ അതിനനുസരിച്ച്‌ വഴങ്ങുകയല്ലെ അവള്‍ വേണ്ടത്‌? അല്ലാതെ ഗവണ്മെന്റിനെതിരേ നീങ്ങുകയാണോ ചെയ്യേണ്ടത്‌" - അയാള്‍ ചോദിച്ചു.
കഷ്ടം!
എത്രയെണ്ണിയാലും മൂവായിരത്തിനപ്പുറം രൂപാ ശമ്പളം കിട്ടാത്ത ഒരു 30കാരി സര്‍ക്കാറിനെ മറിച്ചിടുന്നതെങ്ങനെ?
തീര്‍ച്ചയായും അയാളുടെ മനോനിലയ്ക്ക്‌ എന്തോ തകരാറ്‌ സംഭവിച്ചിട്ടുണ്ട്‌.
പുല്‍ക്കൊടിയേപ്പോലും ഭയക്കുന്ന രീതിയില്‍ തോമസ്സാറിന്റെ മകന്‍ മാറിയിരിക്കുന്നു.
വീണ്ടും ഒരു ശ്രമംകൂടി നടത്തിയാലും ഫലമുണ്ടാകില്ലെന്നറിഞ്ഞിട്ടും ഞാന്‍ അയാളുടെ കാലുപിടിച്ചു. എനിക്ക്‌ തുല്യം പരിഗണിക്കണമെന്ന് പറഞ്ഞു.
പ്രസാദ്‌ സാറിന്റെ ഏതോ വില്ലന്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കുമാറ്‌ അയാള്‍ പതുങ്ങിച്ചിരിക്കുന്നത്‌ ഫോണിലൂടെ എനിക്ക്‌ കേള്‍ക്കാമായിരുന്നു.
"ആവില്ല,.....ഡാള്‍. നീയാണെങ്കിലും ഞാന്‍ മറ്റൊരു തീരുമാനമെടുക്കില്ല. കടുത്ത മത്സരത്തിന്റെ കാലമാണു. ഒരു മിനിറ്റ്‌...ഒരു തീരുമാനം....ഒക്കെ മതി, തെറ്റാണെങ്കില്‍ പ്രൊഫഷനെ നശിപ്പിക്കാന്‍...അതു കൊണ്ട്‌......"
............ബാക്കി പറയുന്നതിനു മുമ്പ്‌ ഞാന്‍ ഫോണ്‍ വച്ചു.
കാര്യമെല്ലാം തോമസ്സാറിനു ഊഹിക്കാന്‍ കഴിഞ്ഞു.
"അവന്‍ ആളാകെ മാറിപ്പോയി, മോളെ"
ആ കണ്ണുകളില്‍ നനവ്‌ പടരുന്നുണ്ടോ?
ആ മുഖത്തേക്ക്‌ വീണ്ടുമൊരിക്കല്‍ക്കൂടി നോക്കാന്‍ എനിക്കായില്ല.യാത്ര പറയാതെ തന്നെ പുറത്തേക്കിറങ്ങുമ്പോള്‍ ഭിത്തിയില്‍ ചട്ടമിട്ട്‌ സൂക്ഷിച്ച ആ പടം ഞാന്‍ ശ്രദ്ധിച്ചു. ഐതിഹാസികമായ പഴയൊരു സമരത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ചിത്രം. സഖാവ്‌ ദേവദാസും, കൈമളുസാറും അടുത്ത്‌ നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു. കൂട്ടത്തില്‍ തോമസ്സ്‌ സാറും നില്‍പ്പുണ്ട്‌!! സെക്രട്ടറിയേറ്റിനു മുന്നില്‍ വള്ളിച്ചെരുപ്പും കുടയും ചിതറി വീണ അദ്ധ്യാപക സമരത്തില്‍ നിന്നൊരു ദൃശ്യം.എന്റെ പ്രിയ സ്നേഹിതന്‍ ഉള്‍പ്പുളകത്തോടെ എന്നെ കാണിച്ചു തന്നിരുന്ന ചിത്രം.
അത്‌ ചൂണ്ടി, ആ സമരം നടന്നില്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ഈ സ്നേഹിതയോടൊത്ത്‌ പഠിക്കുവാന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നത്‌ ഞാന്‍ പെട്ടെന്ന് ഓര്‍മ്മിച്ചു.
കാലം മാറിപ്പോയിരിക്കുന്നു. മാറ്റമില്ലാതെ തുടരുന്നത്‌ മാറ്റം മാത്രം.
അതിനു ശേഷം എന്തു സംഭവിച്ചു?
ഓരോ വ്യാഴവട്ടത്തിലും മനുഷ്യന്‍ പുനര്‍ജ്ജനിക്കുന്നു എന്ന് കെട്ടിട്ടുണ്ട്‌.
നേരായിരിക്കുമോ?
എങ്കില്‍ ഏത് ജീവിയുടെ ഗര്‍ഭപാത്രത്തിലാണു തോമസ്സാറിന്റെ മകന്‍ പുനര്‍ജ്ജന്മം നേടിയത്? ഇത്രയും ഭയത്തോടെയും മനുഷ്യത്തരഹിതവുമായി പെരുമാറാന്‍ തക്ക രീതിയില്‍?
ആദ്യം ഒരു ധീരനായകനായും, പിന്നെ ഒരു മിമിക്രി ആര്‍ട്ടിസ്റ്റായും.
ക്ഷമിക്കൂ സ്നേഹിതാ. നിന്റെ സൗഹൃദം ഇനി എനിക്കൊരു ഭാരമാണു.