Friday, November 16, 2007

ജീവന്റെ ദലമര്‍മ്മരങ്ങള്‍..........

നീതിയുടെയോ നിയമത്തിന്റെയോ പേരില്‍ എന്തെങ്കിലും ആനൂകൂല്യം കിട്ടുന്ന ഒരു വ്യവഹാരവുമായല്ല ബേബി വന്നത്‌. അവളുടെ ആവശ്യം ഒരു കേസ്സായി രൂപപ്പെടുത്തിയെടുക്കാന്‍ പോലുമാവുകയില്ല. തീര്‍ത്തും വൈകാരികമായ ഒരു പ്രശ്നം. ഇന്ത്യയില്‍ സോഷ്യല്‍ കോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക്‌ ഒരു പുതിയ ആശയം ലഭിക്കുവാന്‍ ബേബിയുടെ കഥ പ്രചോദനമായേനെ എന്ന് തോന്നി.
കൊച്ചിയിലെ പ്രശസ്തനായ ഒരു മനോരോഗവിദഗ്ദനാണ്‌ അവളെ എന്റെ അടുത്തേക്കയച്ചത്‌. അദ്ദേഹത്തിനും ഉറപ്പുണ്ടായിരുന്നു നിയമത്തിനോ കോടതിക്കോ എന്തെങ്കിലും ചെയ്യാനാവുന്ന പ്രശ്നമല്ല ബേബിക്കുള്ളത്‌. എങ്കിലും എന്നോട്‌ സംസാരിക്കുമ്പോള്‍ അവളുടെ മനോഭാവം മാറിയെങ്കില്‍ അത്‌ നന്നായിരിക്കും എന്ന് അദ്ദേഹം വിചാരിച്ചു.
മാനസികമായി ബേബി ഒരു മുനമ്പിലായിരുന്നു. ജീവിതത്തെ അവള്‍ വെറുക്കുന്നു. ഇരുപത്തിമൂന്ന് വയസ്സ്‌ കഴിഞ്ഞിട്ടേയുള്ളു, അവള്‍ക്ക്‌.
പതിനെട്ടോ പത്തൊന്‍പതോ വയസ്സുള്ളപ്പോള്‍ സംഭവിച്ച ഒരബദ്ധം-അതിനെ അങ്ങനെ പറയാമോ എന്നെനിക്കറിയില്ല-അവളെ നിരന്തരം വേട്ടയാടി. അതിന്റെ ഓര്‍മ്മകളില്‍ നിന്ന് അവള്‍ക്ക്‌ പുറത്ത്‌ കടക്കാനാവുന്നില്ല. അതിന്റെ പേരില്‍ വരുന്ന വിവാഹാലോചനകളില്‍ നിന്ന് അവള്‍ക്ക്‌ ഇപ്പോള്‍ ഒളിച്ചോടേണ്ടി വരുന്നു.
പതിനാല്‌ വയസ്സുള്ളപ്പോള്‍ ബാംഗ്ലൂര്‍ നഗരത്തിലെത്തിയതാണ്‌ അവള്‍. അഛനുമമ്മയും സ്റ്റേറ്റ്‌സില്‍. ഒരു ഇടത്തരം മലയാളി കൗമാരക്കാരിയുടെ ജീവിതം ഈ പ്രായത്തില്‍ അവിടെ സുരക്ഷിതമല്ല എന്ന ചിന്തയുടെ പുറത്താണ്‌ അവര്‍ അവളെ നാട്ടില്‍ നിര്‍ത്തിയത്‌. പത്ത് വയസ്സില്‍. വല്യമ്മച്ചിയുടെ ഉത്തരവാദത്തില്‍ അവള്‍ വളര്‍ന്ന് വന്നു. നാട്ടില്‍ സ്വസ്ഥമായി അവള്‍ കഴിഞ്ഞുകൂടുമ്പോഴാണ്‌ അടുത്ത പറിച്ച്‌ നടീല്‍ ഉണ്ടായത്‌. നല്ല വിദ്യാഭ്യാസം ലഭിക്കുന്ന ബാംഗ്ലൂര്‍ അവളുടെ പഠനത്തിനായി അവര്‍ തെരഞ്ഞെടുത്തു. എതിര്‍ത്ത്‌ നോക്കിയെങ്കിലും അവള്‍ വിജയിച്ചില്ല.
ഏത്‌ തരം അധീശത്വമുണ്ടായാലും അതിനോട്‌ എതിര്‍പ്പ്‌ സ്വാഭാവികം. സ്നേഹിക്കുന്നതിനു പകരം ഭരിക്കാന്‍ ശ്രമിച്ചാല്‍ അഛനായാലും ഭര്‍ത്താവായാലും ശത്രുവായിമാറും. നമ്മുടെ കുടുംബങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിള്ളലിന്‌ പിന്നില്‍ ഈ മനസ്സാണന്നാണ്‌ എന്റെ തോന്നല്‍. ഫ്രോയിഡിന്റെ സിദ്ധാന്തം ഈ വാദത്തിന്‌ പിന്‍ബലം നല്‍കുന്നുമുണ്ട്‌.
ബാംഗ്ലൂരിലെത്തിയ ബേബിക്ക്‌ ഒരൊറ്റ കമിറ്റ്‌മെന്റേ ഉണ്ടായിരുന്നുള്ളു. നല്ല മാര്‍ക്ക്‌ വാങ്ങി പരീക്ഷകള്‍ ജയിക്കണം. ഉന്നതമായ ഐ.ക്യു. ഉള്ള അവള്‍ക്ക്‌ അത്‌ നിസ്സാരവുമായിരുന്നു. പകതീര്‍ക്കാന്‍ ജീവിതം കൊണ്ട്‌ ചൂതാടുന്നതിനേക്കുറിച്ച്‌ അവള്‍ ചിന്തിച്ചു. പക്ഷെ വല്യമ്മച്ചിയുടെ അടുത്ത്‌ നിന്ന് ലഭിച്ച മൂല്യങ്ങള്‍ അവളെ ആന്തരികമായി വിലക്കി.
അതിനൊരു അവസാനമുണ്ടായത്‌ ഗിരിജയെ പരിചയപ്പെട്ടതോടെയാണ്‌. നഗരപരിധിക്ക്‌ പുറത്തുള്ള ഒരു സ്പെഷാലിറ്റി ക്ലിനിക്കിലെ നഴ്സാണവള്‍. ഒരേ വണ്ടിയില്‍ അവര്‍ പലപ്പോഴും കണ്ടുമുട്ടി. പരിചയം ഗാഢമായ അടുപ്പമായി. അവള്‍ ബേബിയുടെ ഒരു ചേച്ചിയായി മാറുന്നു. അവളുടെ യാത്രകള്‍ ബേബിയുടെ സ്കൂട്ടറിലേക്ക്‌ മാറ്റി. അടുത്ത ഘട്ടത്തില്‍ ഇരുവരും ഒരു ഫ്ലാറ്റിലാക്കി താമസം.
ബേബിയുടെ കൊഴുത്ത്‌ മുഴുത്ത ശരീരവും, ചന്ദനനിറവും, ഉയര്‍ന്ന ഐ.ക്യൂ വും കണ്ടപ്പോള്‍ അവളുടെ മനസ്സില്‍ എന്തൊക്കെയോ കൂട്ടിക്കുറക്കലുകള്‍ നടന്നു. ബേബിയുടെ സാഹസികതയോടുള്ള താല്‍പര്യം ഗിരിജ പ്രത്യേകം ശ്രദ്ധിച്ചു. ചില പരീക്ഷണങ്ങള്‍ക്ക്‌ അവള്‍ മുതിര്‍ന്നു. ഗോവയിലൊക്കെ ഒരു കറക്കം. ചില ബോയിഫ്രണ്ട്‌സ്‌.
ഒടുവില്‍ ഗിരിജ വിരിച്ച വലയില്‍ അവള്‍ വീണു. അവള്‍ ത്രില്‍ഡായി. എല്ലാ മാസവും വേദനയോടെ ഒഴുക്കി കളയുന്ന സ്ത്രീത്വം വില്‍ക്കുക. പണത്തിന്‌ പ്രത്യേകിച്ചൊരാവശ്യവും ഉണ്ടായിരുന്നില്ലെങ്കിലും അവള്‍ വിലപേശി. ഗിരിജ സമ്മതിച്ചു. അവള്‍ക്കുമുണ്ട്‌ ഒരു വിഹിതം.
പിന്നെ ആശുപത്രിയിലെ ദിനങ്ങള്‍. ഡോക്ടര്‍ക്ക്‌ അവളെ നന്നായി ബോധിച്ചു. നല്ല ശരീരം. നല്ല പെരുമാറ്റം. ജെനറ്റിക്കലി ഓ.കെ. ആദ്യത്തെ മൂന്ന്, നാല്‌ തവണ ബേബിക്ക്‌ വിശേഷിച്ചൊന്നും തോന്നിയില്ല. നാലഞ്ച്‌ ദിവസം ആശുപത്രിയില്‍ ചെന്ന് കിടക്കണം. അതേയുള്ളു. പറഞ്ഞ പണം കൃത്യമായി കിട്ടും. അതുമായി ഗിരിജയേയും കൂട്ടി ഫ്രണ്ട്‌സുമായി ഒരു ജോളി ട്രിപ്പ്‌. മുന്തിയ ഹോട്ടലുകളില്‍ അത്താഴം. പബ്ബുകളില്‍ നുരയുന്ന ബിയര്‍.
ബേബി ഇപ്പോള്‍ കഴിഞ്ഞുപോയതിനേക്കുറിച്ചെല്ലാം വ്യാകുലപ്പെടുകയാണ്‌. അവളുടെ സ്ത്രീത്വം വഞ്ചിക്കപ്പെട്ടതിന്റെ വേദന അതിലെല്ലാം കാണാം. അന്ന് ഓര്‍മ്മിക്കാതെ വിട്ടുപോയ പലകാര്യങ്ങളും അവളുടെ ചിന്തയില്‍ ഇന്ന് വരുന്നു. ബേബി നല്‍കിയ അണ്ഡങ്ങള്‍ എവിടെയെങ്കിലും വിരിഞ്ഞ്‌ ഇപ്പോള്‍ ജീവിക്കുന്നുണ്ടാവില്ലെ? അതാണവളുടെ സന്ദേഹം. അതോര്‍ക്കുമ്പോള്‍ അവളുടെ നെഞ്ച്‌ വിങ്ങും. കൈകള്‍ തരിക്കും. പ്രസവിച്ചില്ലെങ്കിലും മാറിടം ചുരക്കും. തനിക്ക്‌ യാതൊരു അവകാശവുമില്ലാത്ത തന്റെ കുട്ടികള്‍! അവള്‍ക്ക്‌ ഭ്രാന്ത്‌ പിടിക്കുന്നപോലെ തോന്നി.
ഇതിനൊന്നും കോടതി വഴി പോലും ഒരു പരിഹാരമില്ലെന്ന് ബോദ്ധ്യപ്പെട്ടാലെങ്കിലും അവള്‍ ജീവിതത്തിലേക്ക്‌ പിന്തിരിഞ്ഞു നടക്കുമെന്ന പ്രതീക്ഷയിലാണ്‌ മനഃശ്ശാസ്ത്ര ഡോക്ടര്‍ അവളെ എന്റെ അടുത്തേക്കയച്ചത്‌. നിയമം ഞാനവള്‍ക്ക്‌ വിശദീകരിച്ചു കൊടുത്തു. അതവള്‍ക്ക്‌ ബോദ്ധ്യമായി. പക്ഷെ എന്റെ ബ്രീഫിങ് അവളെ സമാധാനിപ്പിച്ചു എന്ന വിശ്വാസം എനിക്കില്ല. നിയമങ്ങള്‍ക്കും കോടതിക്കുമപ്പുറത്ത്‌ ബേബിയെ സ്വാന്തനപ്പെടുത്തുന്ന ഒരു മറുപടിയുണ്ടാവണം. അതെന്താണെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയുമെങ്കില്‍ പറഞ്ഞു തരിക.

Monday, November 12, 2007

ആണിന്റെ പത്തി വിടരുമ്പോള്‍...................

"കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ദേശീയ ശരാശരിയേക്കാളും താഴെയാണു. ഉന്നത ബിരുദധാരികളില്‍ ഭൂരിപക്ഷവും വിവാഹം കഴിച്ച്‌ പരാന്നഭോജികളായി കഴിയുന്നു. സമൂഹത്തിന്റെ തഴെ തട്ടിലുള്ള സ്ത്രീകള്‍ മാത്രമാണു തൊഴിലെടുത്ത്‌ അന്തസ്സോടെ കഴിയുന്നവരില്‍ അധികവും.........."

എന്റെ കമന്റ്‌ ബോക്സില്‍ കണ്ട ഒരഭിപ്രായമാണിത്‌. ഒരു പുരുഷ സ്നേഹിതന്റെ........

കഷ്ടം!
മാന്യ സ്നേഹിതന്‌ സ്ത്രീകളേക്കുറിച്ചൊന്നും അറിയില്ല. പുരുഷപക്ഷപാതം പ്രകടമായ ഒരു കമന്റാണിത്‌. എത്ര ഒളിച്ചു വച്ചാലും അവസരം വരുമ്പോള്‍ ആണിന്റെ പത്തി വിടരും.
സര്‍ക്കാരുകളിലെ ഗുമസ്തന്മാര്‍ എഴുതിവക്കുന്ന കണക്കുകളില്‍ വിശ്വസിച്ചാണ്‌ താങ്കള്‍ ഈ കമന്റിട്ടതെങ്കില്‍ എന്ത്‌ പറയാന്‍?. സത്യസന്ധമായ കണക്കുകളാണോ ഗവണ്‍മന്റ്‌ പുറത്ത്‌ വിടുന്നത്‌? ഗവണ്മന്റിനു അതിന്റേതായ താല്‍പ്പര്യങ്ങള്‍ ഉണ്ട്‌.
താങ്കള്‍ സ്ത്രീകള്‍ ഉള്ള ഒരു കുടുംബത്തില്‍ ജീവിച്ചിട്ടുണ്ടോ? അവര്‍ ചെയ്യുന്ന പണികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അതൊന്നും എന്തേ തൊഴിലായി പരിഗണിക്കാത്തത്‌? അതൊക്കെ സ്ത്രീയുടെ കടമ എന്ന പതിവ്‌ പുരുഷ മനോഭാവം തന്നെ താങ്കളും സ്വീകരിച്ചു. അല്ലേ?
രാവിലെ എഴുന്നേറ്റ്‌ സ്റ്റൗ കത്തിച്ച്‌ തുടങ്ങുന്ന 'അവളുടെ' കര്‍മ്മകാണ്ഡം അവസാനിക്കുന്നത്‌ 'അവന്‌' പാവിരിച്ച്‌ കിടന്നു കൊടുക്കുന്നത്‌ വരെയാണു. അതിനിടയില്‍ പാചകം ചെയ്യണം, വീട്‌ നോക്കണം, കുട്ടികളെ ഒരുക്കണം, മുതിര്‍ന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം (മുതിര്‍ന്നവര്‍ ഒപ്പമുണ്ടെങ്കില്‍). പിന്നെ, ജോലിയുള്ളവള്‍ പണിസ്ഥലത്ത്‌ പോയി അത്‌ ചെയ്യണം. വൈകുന്നേരം വീണ്ടും കുടുംബത്തിലേക്ക്‌.....വീണ്ടും ആവര്‍ത്തിക്കുന്ന ജോലികള്‍. പിന്നെ സ്ത്രീ എങ്ങനെയാണ്‌ പരാന്നഭോജിയാകുന്നത്‌? നന്നായി വിയര്‍ത്തിട്ടു തന്നെയാണവള്‍ ഭക്ഷണം കഴിക്കുന്നത്‌.
കൃത്യമായി ഒരു തുക എണ്ണിവാങ്ങുന്ന, നിശ്ചിതസമയമുള്ള ഓഫീസ്‌ അല്ലെങ്കില്‍ കമ്പനി പണിമാത്രമേ തൊഴിലാകുന്നുള്ളു എന്ന താങ്കളുടെ വാദം പുരുഷന്റെ സഹജമായ മേല്‍ക്കോയ്മയുടെ ഭാഗം മാത്രമാണ്‌. അവന്‌ പഥ്യം അതാണു. ഫാക്റ്ററിജോലി അല്ലെങ്കില്‍ ഓഫീസ്‌ ജോലി. അത്‌ മാത്രമേ ജോലിയായി അവന്റെ സങ്കല്‍പത്തില്‍ വരുന്നുള്ളു. വെയിലുകൊള്ളേണ്ടി വരുന്ന കാര്‍ഷികവൃത്തിപോലും അവന്‌ ജോലിയല്ല. നാലു നേരവും മൃഷ്ടാന്നം കഴിക്കാനിരിക്കുമ്പോള്‍ ഈ പച്ചക്കറിയും, പരിപ്പും, അരിയുമൊക്കെ എവിടുന്ന് വരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊക്കെ വിളയിച്ചെടുക്കാന്‍ പാടുപെട്ട ആണിനേയും പെണ്ണിനേയും കുറിച്ചോര്‍ക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ സ്ത്രീയുടെ എന്നല്ല ആരുടേയും പരാന്നഭോജിത്വത്തെക്കുറിച്ച്‌ കമന്റെഴുതുകയില്ലായിരുന്നു.
യഥാര്‍ത്ഥ പരാന്നഭോജികള്‍ നിങ്ങളേപ്പോലുള്ളവരാണു. അലസമായ എട്ട്‌ മണിക്കൂര്‍ ജോലി, ആഴ്ച തോറുമുള്ള അവധികള്‍, മെഡിക്കല്‍ സഹായം, യാത്രപ്പടി, ആണ്ടുതോറുമുള്ള വരുമാന വര്‍ദ്ധന, കുട്ടികള്‍ക്ക്‌ പഠിക്കാനുള്ള പ്രത്യേക സൗകര്യം, വീട്ടുവാടക അലവന്‍സ്‌ ഒക്കെ കൈപ്പറ്റി ജീവിക്കാനാവശ്യമുള്ള ഒരു ഗ്രാം ഭക്ഷണം പോലുമുല്‍പ്പാദിപ്പിക്കാതെ വാചകകസര്‍ത്ത്‌ നടത്തുന്ന നിങ്ങളേപ്പോലുള്ളവരാണ്‌ പരാന്ന ഭോജികള്‍!
ഒരു കിലോ നെയ്മീന്‍ ചന്തയില്‍ ചെന്ന് വെട്ടി മേടിച്ചാല്‍ 5 രൂപാകൊടുക്കണം. ഒരു പാന്റ്‌ അലക്കി തേക്കുന്നതിനു ഡോബിക്ക്‌ 12 രൂപ. ചെയില്‍ഡ്‌ സിറ്റിങ്ങിനു ഭക്ഷണം കൂടാതെ 150 എങ്കിലും ആകും. കുട്ടിക്കൊരസുഖം വന്നാല്‍ കൂട്ടിരിക്കാന്‍ ഹോസ്പിറ്റലില്‍ എന്ത്‌ ചെലവ്‌ വരും? ഭക്ഷണം ഉണ്ടാക്കിത്തരാന്‍ ഒരു കുശിനിക്കാരനെ വച്ചാല്‍ എത്ര കൊടുക്കും? സാമാന്യം നല്ലൊരു 'ഉരുപ്പടി' പാവിരിച്ച്‌ കിടന്ന് തരണമെങ്കില്‍ 100 എങ്കിലും കൊടുക്കണ്ടെ? താങ്കളുടെ സാമ്പത്തിക ശാസ്ത്രം വച്ച്‌ സ്ത്രീയുടെ തൊഴിലൊന്ന് അളന്ന് നോക്കിയിട്ട്‌ വിലിയിട്ട്‌ പറയൂ, അവള്‍ പരാന്ന ഭോജിയാണോയെന്ന്!
ഇതൊന്നും ചെയ്യാതെ ഏതെങ്കിലും പെണ്ണ്‍ വീട്ടില്‍ വെറുതേയിരിക്കുന്നുണ്ടെങ്കില്‍ പൊന്നായും, പണമായും, വീടായും, കാറായും അവള്‍ തൊഴില്‍ ചെയ്താലുള്ളതിന്റെ ഇരട്ടികള്‍ നിങ്ങള്‍ വസൂലാക്കിയിട്ടുണ്ടാവും. അത്‌ അവളുടെ അഛനോ സഹോദരനോ വിയര്‍ത്തുണ്ടാക്കിയതായിരിക്കുകയും ചെയ്യും. അവര്‍ ഔദാര്യപൂര്‍വ്വം നല്‍കിയത്‌ അവളുടെ മൂലധനത്തില്‍ തന്നെ കൂട്ടണം.
പിന്നെ താഴെക്കിടയിലുള്ളവരെന്ന് നിങ്ങള്‍ മുദ്രകുത്തുന്നവരുടെ കാര്യം. അത്‌ ഇപ്പോഴൊരു ഫാഷനാണു. അവരെ ദളിതായിക്കണ്ട്‌ മുതലെടുക്കുകയാണു നിങ്ങളേപ്പോലുള്ളവര്‍. പണ്ട്‌ ജന്മിമാര്‍ അവരെ ശാരീരികമായായിരുന്നു പീഢിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് നിങ്ങളേപ്പോലുള്ളവര്‍ സാംസ്കാരികമായി പീഢിപ്പിക്കുകയാണു. എന്നായാലും ദളിതന്‍ ദളിതനായിത്തന്നെ നില്‍ക്കണം. അന്ന് വയലില്‍ ജോലിചെയ്യാനായിരുന്നെങ്കില്‍ ഇന്ന് പ്രസംഗത്തിനും എഴുത്തിനും വേണ്ടി. അവര്‍ ദളിതനില്‍ നിന്ന് ഉയര്‍ന്ന് പോയാല്‍ നിങ്ങളേപ്പോലുള്ളവര്‍ എന്ത്‌ ചെയ്യും?

Tuesday, November 6, 2007

കണ്ണുകള്‍ പാളുന്ന ഗുരുവായൂരമ്പലം..........

ഗുരുവായൂരില്‍ ചൂരിദാര്‍ പാടില്ലെന്നാണ്‌ പ്രശ്നവിധി. ശരീരം മുഴുവന്‍ മറയ്ക്കുമെന്ന് ഖ്യാതിയുള്ള ഒരു പെണ്‍ വേഷം ഇഷ്ടപ്പെടാത്തതിലൂടെ ഭഗവാന്‍ ഒരു കാമാസക്തനായി ഇനി ചിത്രീകരിക്കപ്പെട്ടാല്‍ അതിശയിക്കാനില്ല.
പരമകാരുണികനായ ഭഗവാനെ കാണാന്‍ ചെല്ലുമ്പോള്‍ ഏത്‌ വസ്ത്രം ധരിച്ചാലും, ഇനി ഒന്നും ധരിച്ചില്ലെങ്കില്‍ തന്നെ എന്ത്‌?. ആ തേജോമയ രൂപം കണ്ണില്‍ പതിയുമ്പോള്‍ എല്ലാം മറക്കുന്ന ഒരനുഭൂതിയാണു. മുത്തശ്ശി മുതലിങ്ങോട്ട്‌ പറഞ്ഞുകേട്ട കൃഷ്ണകഥാനുഭവമാകാം അതിനു കാരണം. ആ വിലീനത്വത്തിനു ഭാഗ്യം കിട്ടാത്തവര്‍ ചുറ്റിനുമുള്ള അഴകുകളില്‍ തേന്‍ കുടിച്ച്‌ നടന്നാല്‍ നമുക്കെന്ത്‌ ചെയ്യാന്‍ പറ്റും?
പലതവണ ഗുരുവായൂരില്‍ പോയിട്ടുണ്ടെങ്കിലും ആരെങ്കിലും സ്പര്‍ശിച്ചതായി എനിക്കോര്‍മ്മയില്ല. അഥവാ ആരെങ്കിലും എന്റെ ഉടലിന്റെ ഭൂപടം പരതിയിട്ടുണ്ടെങ്കില്‍ ഞാനതറിഞ്ഞിട്ടുമില്ല. തൊടുന്നത്‌ അറിയാതിരിക്കുമ്പോള്‍ തൊടുന്നവനെന്ത്‌ സുഖം? എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന കണ്ണന്‍ അവിടിരിക്കുമ്പോള്‍ ആ കള്ളനെക്കാണാതെ ഞാനെന്തിന്‌ എന്റെ ഉടലിനെ കാക്കണം? തൊട്ടും പിടിച്ചും വിയര്‍ത്തും ചീഞ്ഞളിഞ്ഞു പോകണ്ട ഈ ഉടല്‍ ആ ദര്‍ശ്‌നത്തിനുമുന്നില്‍ നിസ്സാരമാണ്‌
ഇങ്ങനെയാണെങ്കിലും ഇന്നണിയുന്ന രീതിയില്‍ ചൂരിദാര്‍ ആശാവഹമായ ഒരു ഉടല്‍ മറയ്ക്കല്‍ വേഷമണെന്ന അഭിപ്രായം എനിക്കില്ല. ആണായിപ്പിറന്നവര്‍ക്ക്‌ ഉമിനീര്‌ വിക്കുന്ന രീതിയിലാണ്‌ പലപെണ്‍കുട്ടികളും ചൂരിദാര്‍ ധരിക്കുന്നത്‌. ചില തൈക്കിളവിമാര്‍ അതിട്ട്‌ ചുറ്റിത്തിരിയുന്നത്‌ കാണുമ്പോള്‍ അറപ്പാണുവരിക. മുപ്പത്‌ മുപ്പത്തഞ്ച്‌ വയസ്സാകുമ്പോഴേക്കും നമ്മുടെ പെണ്ണുങ്ങള്‍ കൊഴുപ്പടിഞ്ഞുകൂടി ഒരു മാംസപിണ്ഡമായി മാറും. ചൂരിദാര്‍ കൂടി ഇടുമ്പോള്‍ പ്ലാസ്റ്റിക്ക്‌ കാരിബാഗുകളില്‍ പച്ച മാംസവുമായി പോകുന്ന ഒരു തോന്നല്‍.
ഇരുകാലുകളും വേര്‍പെടുത്തുന്ന ഒരു വേഷമാണു ചൂരിദാര്‍. അത്തരം വേഷമണിഞ്ഞ്‌ പരസ്യമായി നടക്കുന്നത്‌ പാശ്ചാത്യന്റെ പോലും എറ്റിക്കെറ്റുകള്‍ക്ക്‌ വിരുദ്ധമാണ്‌. താച്ചറമ്മയെ കണ്ടിട്ടില്ലെ? അവര്‍ ധരിക്കുന്നത്‌ ഒരു സ്കര്‍ട്ടാണ്‌. കോണ്ടലീസാ റൈസും അതുപോലുള്ള വേഷമാണു ഉപയോഗിക്കുന്നത്‌. പാന്റ്‌സ്‌ ധരിക്കുന്ന വിദേശികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആണായാലും പെണ്ണായാലും കാല്‍ വേര്‍പെടുത്തുന്ന വേഷം ധരിക്കുമ്പോള്‍ അവര്‍ വെയ്‌സ്റ്റ്‌ ലൈനില്‍ നിന്ന് ഒരടി കൂടി താഴേക്ക്‌ മറഞ്ഞുകിടക്കുന്ന ഒരു മേലുടുപ്പുകൂടി അണിഞ്ഞിരിക്കും. ഒന്നുകില്‍ ഒരു കോട്ട്‌. അല്ലെങ്കില്‍ പുള്ളോവര്‍. രഹസ്യങ്ങള്‍ മറയ്ക്കപ്പെടുന്നു എന്നതിന്റെ ഒരു സൂചനയാണത്‌. അതാണ്‌ സുജനമര്യാദ!
മുമ്പൊക്കെ ഈ മാന്യത നമുക്കിടയിലും ഉണ്ടായിരുന്നു. എന്റെ വീട്ടിലെ പണിക്കാരികള്‍ ഒരു തോര്‍ത്തുകൊണ്ട്‌ മാറ്‌ മറയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നത്‌ ഞാനോര്‍ക്കുന്നു. അന്നത്തെ കാലത്ത്‌ അതിന്റെ കോസ്റ്റ്‌ താങ്ങാന്‍ അവര്‍ക്ക്‌ വിഷമമായിരുന്നിട്ടുകൂടി. തീരെ നിവര്‍ത്തിയില്ലാത്തവര്‍ മുണ്ടിന്റെ കോന്തല വലിച്ച്‌ ബ്ലസിനുള്ളിലേക്ക്‌ തിരുകി വയ്ക്കും. ഇതൊക്കെ ഒരു മനോഭാവത്തിന്റെ പ്രകടനമാണ്‌. തീരെ നല്ലതാല്ലാത്ത ചരിത്രമുള്ളവര്‍ കൂടി അത്‌ പാലിച്ചിരുന്നതായി എനിക്കറിയാം.
ചൂരിദാര്‍ ഒരു ഫാഷനായപ്പോള്‍ നഷ്ടമായത്‌ ആ സാമൂഹിക മര്യാദയാണ്‌. ലോലമായ തുണികൊണ്ട്‌ തുന്നിയ കാലുറകളും ഉടലടയാളങ്ങള്‍ വ്യക്തമാകുന്ന മേലുടുപ്പും ധരിച്ച്‌ നടക്കുന്ന പെണ്‍കുട്ടി എന്തുസന്ദേശമാണു നല്‍കുന്നത്‌? ഈ ചരക്കിനു വിലപറയൂ എന്നോ? നടക്കുമ്പോഴും ഇരിക്കുമ്പോഴും തുണിത്തരത്തിനുള്ളില്‍ ഗാഢ ലായനി പോലെ ഒഴുകി നിറയുന്ന ഉറപ്പില്ലാത്ത നെഞ്ചും തുടയും ലോകത്തെ ഏറ്റവും വൃത്തികെട്ട കാഴ്ചകളാണ്‌. ഇത്‌ പ്രകോപനപരമെന്ന് പറയാന്‍ എനിക്കാവില്ല. പക്ഷെ ജുഗുംപ്സാവഹമാണു. അതിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം ഉപയോഗിക്കാവുന്നതേയുള്ളു. അതിനു തക്ക ആര്‍ജ്ജവം ഇനിയും നാം നേടിയിട്ടില്ല.

Monday, November 5, 2007

പെണ്ണിന് ആദരം കിട്ടുമ്പോള്‍...........

അനിശ്ചിതത്ത്വമാണ്‌ ജീവിതത്തെ സമ്മോഹനമാക്കുന്നത്‌ എന്നെനിക്ക് തോന്നുന്നു. പക്ഷെ ജീവിതത്തെ സുരക്ഷിതമാക്കിവയ്ക്കണമെന്നാണു നാം പഠിക്കുന്നത്‌. അത്‌ ജീവിക്കുന്നതിന്റെ രസം കെടുത്തിക്കളയുന്നത്‌ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

കൗമാരം കഴിയുമ്പോള്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ ലക്ഷ്യം വിവാഹമാണെന്ന് നിശ്ചയിക്കപ്പെടുന്നു. പഠിത്തം കഴിഞ്ഞോട്ടെ അല്ലെങ്കില്‍ ജോലികിട്ടിയിട്ടാവാം. അതിനപ്പുറം അത്‌ മാറ്റിവയ്കാന്‍ സമൂഹത്തിനാവുന്നില്ല. ഇന്ന് വിവാഹത്തോടെ പെണ്ണിന്റെ ജീവിതത്തിന്‌ തിരശ്ശീല വീഴുന്നു.

ഭര്‍ത്താവ്‌, കുട്ടികള്‍, സ്വന്തമായി ജോലിയുണ്ടെങ്കില്‍ അത്‌. പെണ്ണിന്റെ ജീവിതം ഒരു റെയില്‍ വണ്ടി പോലെ ഓടിപ്പോകുന്നു. ഇതിനിടയില്‍ അവള്‍ക്ക്‌ പോലും അവളേപ്പറ്റി ഓര്‍ക്കാന്‍ സമയമില്ല.

ഈ ഗതികേട്‌ അവള്‍ സ്വയം വരുത്തിവച്ചതാണെന്നേ പറയാവൂ. പുരുഷമേധാവിത്വത്തിന്റേതായിരുന്നു ഗതകാലം എന്ന് ആക്ഷേപിക്കാറുണ്ട്‌. ശരിയാണോ? ഒന്നാലോചിച്ചുനോക്കിയാല്‍ അന്നുണ്ടായിരുന്നത്ര സ്വാതന്ത്ര്യവും അധികാരവും പെണ്ണിനിന്നുണ്ടോ? അന്നത്തേക്കാള്‍ ബിരുദങ്ങളും പണവും ഇന്ന് സ്ത്രീയുടെ കൈവശം കാണുമായിരിക്കും. വഴക്കുണ്ടാക്കാനും വേര്‍പിരിയാനും സ്വാതന്ത്ര്യവും സൗകര്യവും ഇന്ന് കൂടുതല്‍ ഉണ്ട്‌. പക്ഷെ പെണ്ണെന്ന അംഗീകാരം? അത്‌ നഷ്ടപ്പെട്ട വിവരം അവള്‍ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

തുല്യതയ്ക്ക്‌ വേണ്ടി വാദിച്ചപ്പോള്‍ അവള്‍ നഷ്ടപ്പെടുത്തിയത്‌ തന്റെ സ്വത്വം തന്നെയായിരുന്നു. പിന്നെ അവളില്‍ അവശേഷിച്ചത്‌ ഒരു പ്രത്യുല്‍പ്പാദന യന്ത്രവും ചില രാത്രികളിലേക്കുള്ള കമ്പിളിയുടെ ക്ഷമതയും. അതിന്റെ വാശി തീര്‍ക്കാനല്ലെ ആഭരണങ്ങളിലും സമ്പത്ത്‌ കുന്നുകൂട്ടുന്നതിലും അവള്‍ വ്യാപരിക്കുന്നത്‌.
സ്ത്രീയെന്ന നിലയില്‍ അമ്മയെന്ന നിലയില്‍ ഒരംഗീകാരം കിട്ടുന്ന ഒരുവള്‍ ഒരിക്കലും അവയ്ക്ക്‌ പിന്‍പേ പോകുകയില്ല.

അതികാലത്തെഴുന്നേറ്റ്‌ പുകമഞ്ഞ്‌ നോക്കിനില്‍ക്കാനും പുറത്ത്‌ മഴപെയ്യുമ്പോള്‍ കൈനീട്ടി ഒരു കുടന്ന വെള്ളം ഏറ്റാനും അവള്‍ക്ക്‌ കഴിവുണ്ടാക്കുന്ന ആ ആദരം പുരുഷന്‍ നല്‍കുമോ? ജീവിതത്തെ സമ്മോഹനമാക്കുന്ന അപ്രതീക്ഷിത വൈകാരികത അവളില്‍ നിന്നും ഉറവപൊട്ടി കുടുംബങ്ങള്‍ കുളിര്‍മ്മയുള്ളതാകുന്നത് കാണാം. അത് സ്വീകരിക്കാന്‍ പെണ്ണ് സ്വയം ആദരമുള്ളവള്‍ ആവുകയും വേണം.

Saturday, November 3, 2007

തണുത്ത കാറ്റ് വീശുമ്പോള്‍............

ഒട്ടും പ്രവര്‍ത്തനോന്മുഖമല്ല, എന്റെ ജീവിതം. അലസമാണത്‌. തണുത്തകാറ്റ്‌ വീശുമ്പോള്‍ കണ്ണടച്ചിരിക്കുന്നപോലെ അതിനു ഒരു സുഖമുണ്ട്‌.

പക്ഷെ അത്‌ ആസ്വദിക്കാന്‍ ബന്ധുക്കളും സമൂഹവും അനുവദിക്കാറില്ല. ജീവിതത്തേക്കുറിച്ച്‌ എപ്പോഴും രഹസ്യമായ ഒരു അജന്‍ഡ അവര്‍ വച്ചുപുലര്‍ത്തുന്നു. നാം പൊതുവായ ഒരു ഇംഗിതത്തിനനുസരിച്ച്‌ ജീവിക്കണം. വളരെ കഷ്ടതരമാണത്‌. വ്യക്തി ബന്ധങ്ങളുടെ രൂപത്തിലുള്ള ആ ഇടപെടല്‍ ദുസ്സഹമാണ്‌.

മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്ന് കയറി സ്വന്തം ആശകളും ചിന്തകളും കുരുപ്പിച്ചെടുക്കാന്‍ വ്യഗ്രതയുള്ള അനവധിപേരെ ചുറ്റിനും കാണാം. എന്നാല്‍ തന്റെ ഉപദേശത്തിന്റെ രുപത്തിലുള്ള ഒരു ജീവിതം ഇവരാരും സ്വീകരിച്ചു കാണാറില്ല. എല്ലാ ഉപദേശങ്ങളും മറ്റുള്ളവര്‍ക്കുവേണ്ടിയാണു. അവനവനു എപ്പോഴും സ്വന്തം ഇഷ്ടം തന്നെ പ്രധാനം! എന്റെ ഈ ജീവിതത്തില്‍ രമിക്കുന്നതിനു എന്നെ അനുവദിക്കാതെ ഭാവിയെക്കുറിച്ച്‌ ഉല്‍കണ്ഠപ്പെടുവാന്‍ പ്രേരിപ്പിക്കുന്നവരെ എനിക്ക്‌ വെറുപ്പാണ്‌.

ഉപദേശവും പ്രേരണകളും അസഹനീയമാകുമ്പോള്‍ ഒളിച്ചുപോയി എവിടെയെങ്കിലും താമസിക്കുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. കുറച്ചുകാലത്തേക്കാണത്‌. പുരുഷന്‍ അങ്ങനെ ചെയ്താല്‍ സമൂഹത്തിന്‌ പ്രശ്നമില്ല. പെണ്ണായാല്‍ കഥ മാറി. അവളെപ്പറ്റി ഓരോന്ന് മെനെഞ്ഞെടുക്കുകയാണു പിന്നെ ചുറ്റുമുള്ളവരുടെ പണി.

പെണ്ണിനെ എല്ലാവര്‍ക്കും പേടിയാണെന്ന് തോന്നുന്നു. ഒരു അവിശ്വാസം. മനു മുതല്‍ ആധുനിക ഇന്ത്യന്‍ ഭരണാധികാരികള്‍ വരെ എല്ലാവര്‍ക്കും സ്ത്രീയെക്കുറിച്ച്‌ ആ ഉറപ്പില്ലായ്മ ഉണ്ടായിരുന്നു. അവളുടെ സുരക്ഷിതത്ത്വത്തിനാണെന്ന് പറഞ്ഞ്‌ എത്ര നിയമങ്ങളാണു ഉണ്ടാക്കിയിരിക്കുന്നത്‌. എന്നിട്ട്‌ സ്ത്രീ സുരക്ഷിതയായോ? നിയമങ്ങള്‍ കൂടുമ്ന്തോറും സ്ത്രീ ഏറെ പിച്ചിച്ചീന്തപ്പെടുന്നു. ഈ നിയമങ്ങളെല്ലാം തന്നെ അതിന്റെ ആത്മാവില്‍ അവള്‍ക്കെതിരാണ്‌. ഇത്തരം സ്ത്രീ നിയമങ്ങല്‍ക്ക്‌ ക്ലാപ്പുകള്‍ നല്‍കുന്ന സ്ത്രീ സംഘടനകള്‍ അതിന്റെ മറവില്‍ ചൂഷണമാണ്‌ ഉദ്ദേശിക്കുന്നത്‌. പെണ്ണത്‌ തിരിച്ചറിയുന്നതെന്നാണ്‌?

ഒട്ടും ഭിന്നമല്ലാത്ത ദിവസങ്ങളിലൂടെ ജീവിച്ച്‌ ഞാന്‍ മടുത്തു. ഇങ്ങനെ ജീവിക്കുന്നതില്‍ ആര്‍ക്കും മുഷിപ്പ്‌ തോന്നാത്തതെന്താണെന്ന് എനിക്ക്‌ മനസിലാകുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഓരോദിവസവും അതിനു മുന്നിലത്തെ ദിവസത്തില്‍ നിന്നും ഒട്ടും ഭിന്നമല്ല. അതു അസഹനീയമാകുമ്പോള്‍, പുറത്തേക്കെവിടെയും പോകാന്‍ പറ്റുന്നില്ലെങ്കില്‍, കണ്ണടച്ചിരിക്കും. എന്നും തുടച്ചുവച്ച ഒരു വെള്ളിത്തളികയാണെന്റെ ഹൃദയം. അരികില്‍ മഷിക്കുപ്പി. എഴുതുവാന്‍ മുറിച്ചു വച്ചിരിക്കുന്ന കടലാസുകഷണങ്ങള്‍. ഹൃദയത്തില്‍ തെളിയുന്നത്‌ എന്റെ ജീവിതം തന്നെയാണു. വര്‍ണ്ണവും ശബ്ദവും നിറഞ്ഞ്‌. ആഴത്തിലുള്ള ചില പോറലുകള്‍ മറക്കാനാവാത്ത അനുഭവങ്ങള്‍. അതെല്ലാം അതേമാതിരി പകര്‍ത്തുകയാണിവിടെ. അത്‌ അസാധരണവും ഭ്രാന്തവുമാണെങ്കില്‍, ജീവിതം അങ്ങനെയാണെന്ന് മനസിലാക്കു സ്നേഹിതരെ. ഇരുട്ടിന്റെ ഇടനാഴിയിലൂടെ വിളക്കുമായി ഒരു തവണയെങ്കിലും പോയവര്‍ക്കിതറിയാം. അവര്‍ക്കുവേണ്ടിയാണീ കുറിപ്പുകള്‍.

കാറ്റില്‍ ചലിക്കുന്ന ഇലകള്‍...............

ബ്ലോഗിന്റെ ലോകവുമായി പരിചയപ്പെട്ടത്‌ ഈ അടുത്തകാലത്താണ്‌. പത്രത്തിലും ആനുകാലികങ്ങളിലും ബ്ലോഗുകളെപ്പറ്റി വാര്‍ത്തകള്‍ വന്നുതുടങ്ങിയശേഷം.
വളരെ ശക്തമായൊരു മാദ്ധ്യമം.
ആരേയും ഭയക്കാതെ തുറന്നെഴുതാമെന്നതാണ്‌ ഏറ്റവും വലിയ മേന്മ.
നേരത്തെ ചിലതൊക്കെ കുത്തിക്കുറിച്ചിരുന്നു. രഹസ്യമായി സൂക്ഷിക്കാനേ ആയുള്ളു. സഹപാഠികളില്‍ പലരും പത്രപ്രവര്‍ത്തനത്തിലേക്ക്‌ തിരിഞ്ഞപ്പോള്‍ അവയൊക്കെ പ്രസിദ്ധീകരിക്കുന്നതിനേക്കുറിച്ച്‌ ആലോചിച്ചു. പക്ഷെ ആരും അത്‌ പിന്തുണച്ചില്ല. ഒരു സ്ത്രീ ഇങ്ങനെ തുറന്നെഴുതുന്നത്‌ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുകയില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.
അപ്പോള്‍ മാധവിക്കുട്ടിയോ?
ഒരു മാധവിക്കുട്ടിയും ഒരു അജിതയും ഒക്കെ ഉണ്ടായെങ്കില്‍ അത്‌ കാലത്തിന്റെ സൃഷ്ടിയായിരുന്നു. അവരൊക്കെ വളര്‍ന്നു വന്നതിനേക്കാള്‍ മോശപ്പെട്ട കാലാവസ്ഥയാണു ഇപ്പോള്‍. സ്നേഹിതര്‍ ഉപദേശിച്ചു. എന്റെ കുറിപ്പുകള്‍ ഒരിക്കലും വെളിച്ചം കാണില്ലെന്ന് കരുതിയിരിക്കുമ്പോഴാണു ബ്ലോഗിനേക്കുറിച്ച്‌ കേള്‍ക്കുന്നത്‌. നെറ്റിലൂടെ പരതിപ്പരതി നടന്നു. കൂടുതലും തമാശകള്‍ കൈകാര്യം ചെയ്യുന്നവ. ജീവിതം പൊള്ളുന്നതാകുമ്പോള്‍ ഇത്ര തമാശപറയാന്‍ കഴിയുമോ? എനിക്കറിയില്ല. ബ്ലോഗിന്റെ ലോകം തമാശയ്ക്കുള്ളത്‌ മാത്രമാണെന്ന് ഒരു ധാരണ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു. ഇതില്‍ എനിക്കെവിടെയാണു സ്ഥാനം? അത്‌ ഇതിന്റെ വായനക്കാരാണ്‌ നിശ്ചയിക്കേണ്ടത്‌. ഒന്ന് രണ്ട്‌ പോസ്റ്റുകള്‍ ഉടനുണ്ടാകും. വായിക്കാന്‍ സന്മനസുകാണിക്കുക. അഭിപ്രായം പറയുക. പിന്നെ നിശ്ചയിക്കാം തുടരണമോ എന്ന കാര്യം. അതല്ലെ നല്ലത്‌?