Saturday, November 3, 2007

തണുത്ത കാറ്റ് വീശുമ്പോള്‍............

ഒട്ടും പ്രവര്‍ത്തനോന്മുഖമല്ല, എന്റെ ജീവിതം. അലസമാണത്‌. തണുത്തകാറ്റ്‌ വീശുമ്പോള്‍ കണ്ണടച്ചിരിക്കുന്നപോലെ അതിനു ഒരു സുഖമുണ്ട്‌.

പക്ഷെ അത്‌ ആസ്വദിക്കാന്‍ ബന്ധുക്കളും സമൂഹവും അനുവദിക്കാറില്ല. ജീവിതത്തേക്കുറിച്ച്‌ എപ്പോഴും രഹസ്യമായ ഒരു അജന്‍ഡ അവര്‍ വച്ചുപുലര്‍ത്തുന്നു. നാം പൊതുവായ ഒരു ഇംഗിതത്തിനനുസരിച്ച്‌ ജീവിക്കണം. വളരെ കഷ്ടതരമാണത്‌. വ്യക്തി ബന്ധങ്ങളുടെ രൂപത്തിലുള്ള ആ ഇടപെടല്‍ ദുസ്സഹമാണ്‌.

മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്ന് കയറി സ്വന്തം ആശകളും ചിന്തകളും കുരുപ്പിച്ചെടുക്കാന്‍ വ്യഗ്രതയുള്ള അനവധിപേരെ ചുറ്റിനും കാണാം. എന്നാല്‍ തന്റെ ഉപദേശത്തിന്റെ രുപത്തിലുള്ള ഒരു ജീവിതം ഇവരാരും സ്വീകരിച്ചു കാണാറില്ല. എല്ലാ ഉപദേശങ്ങളും മറ്റുള്ളവര്‍ക്കുവേണ്ടിയാണു. അവനവനു എപ്പോഴും സ്വന്തം ഇഷ്ടം തന്നെ പ്രധാനം! എന്റെ ഈ ജീവിതത്തില്‍ രമിക്കുന്നതിനു എന്നെ അനുവദിക്കാതെ ഭാവിയെക്കുറിച്ച്‌ ഉല്‍കണ്ഠപ്പെടുവാന്‍ പ്രേരിപ്പിക്കുന്നവരെ എനിക്ക്‌ വെറുപ്പാണ്‌.

ഉപദേശവും പ്രേരണകളും അസഹനീയമാകുമ്പോള്‍ ഒളിച്ചുപോയി എവിടെയെങ്കിലും താമസിക്കുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. കുറച്ചുകാലത്തേക്കാണത്‌. പുരുഷന്‍ അങ്ങനെ ചെയ്താല്‍ സമൂഹത്തിന്‌ പ്രശ്നമില്ല. പെണ്ണായാല്‍ കഥ മാറി. അവളെപ്പറ്റി ഓരോന്ന് മെനെഞ്ഞെടുക്കുകയാണു പിന്നെ ചുറ്റുമുള്ളവരുടെ പണി.

പെണ്ണിനെ എല്ലാവര്‍ക്കും പേടിയാണെന്ന് തോന്നുന്നു. ഒരു അവിശ്വാസം. മനു മുതല്‍ ആധുനിക ഇന്ത്യന്‍ ഭരണാധികാരികള്‍ വരെ എല്ലാവര്‍ക്കും സ്ത്രീയെക്കുറിച്ച്‌ ആ ഉറപ്പില്ലായ്മ ഉണ്ടായിരുന്നു. അവളുടെ സുരക്ഷിതത്ത്വത്തിനാണെന്ന് പറഞ്ഞ്‌ എത്ര നിയമങ്ങളാണു ഉണ്ടാക്കിയിരിക്കുന്നത്‌. എന്നിട്ട്‌ സ്ത്രീ സുരക്ഷിതയായോ? നിയമങ്ങള്‍ കൂടുമ്ന്തോറും സ്ത്രീ ഏറെ പിച്ചിച്ചീന്തപ്പെടുന്നു. ഈ നിയമങ്ങളെല്ലാം തന്നെ അതിന്റെ ആത്മാവില്‍ അവള്‍ക്കെതിരാണ്‌. ഇത്തരം സ്ത്രീ നിയമങ്ങല്‍ക്ക്‌ ക്ലാപ്പുകള്‍ നല്‍കുന്ന സ്ത്രീ സംഘടനകള്‍ അതിന്റെ മറവില്‍ ചൂഷണമാണ്‌ ഉദ്ദേശിക്കുന്നത്‌. പെണ്ണത്‌ തിരിച്ചറിയുന്നതെന്നാണ്‌?

ഒട്ടും ഭിന്നമല്ലാത്ത ദിവസങ്ങളിലൂടെ ജീവിച്ച്‌ ഞാന്‍ മടുത്തു. ഇങ്ങനെ ജീവിക്കുന്നതില്‍ ആര്‍ക്കും മുഷിപ്പ്‌ തോന്നാത്തതെന്താണെന്ന് എനിക്ക്‌ മനസിലാകുന്നില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഓരോദിവസവും അതിനു മുന്നിലത്തെ ദിവസത്തില്‍ നിന്നും ഒട്ടും ഭിന്നമല്ല. അതു അസഹനീയമാകുമ്പോള്‍, പുറത്തേക്കെവിടെയും പോകാന്‍ പറ്റുന്നില്ലെങ്കില്‍, കണ്ണടച്ചിരിക്കും. എന്നും തുടച്ചുവച്ച ഒരു വെള്ളിത്തളികയാണെന്റെ ഹൃദയം. അരികില്‍ മഷിക്കുപ്പി. എഴുതുവാന്‍ മുറിച്ചു വച്ചിരിക്കുന്ന കടലാസുകഷണങ്ങള്‍. ഹൃദയത്തില്‍ തെളിയുന്നത്‌ എന്റെ ജീവിതം തന്നെയാണു. വര്‍ണ്ണവും ശബ്ദവും നിറഞ്ഞ്‌. ആഴത്തിലുള്ള ചില പോറലുകള്‍ മറക്കാനാവാത്ത അനുഭവങ്ങള്‍. അതെല്ലാം അതേമാതിരി പകര്‍ത്തുകയാണിവിടെ. അത്‌ അസാധരണവും ഭ്രാന്തവുമാണെങ്കില്‍, ജീവിതം അങ്ങനെയാണെന്ന് മനസിലാക്കു സ്നേഹിതരെ. ഇരുട്ടിന്റെ ഇടനാഴിയിലൂടെ വിളക്കുമായി ഒരു തവണയെങ്കിലും പോയവര്‍ക്കിതറിയാം. അവര്‍ക്കുവേണ്ടിയാണീ കുറിപ്പുകള്‍.

10 comments:

positron said...

എന്നും തുടച്ചുവച്ച ഒരു വെള്ളിത്തളികയാണെന്റെ ഹൃദയം. അരികില്‍ മഷിക്കുപ്പി. എഴുതുവാന്‍ മുറിച്ചു വച്ചിരിക്കുന്ന കടലാസുകഷണങ്ങള്‍.

കൊള്ളാം, തുടര്‍ന്നും എഴുതു

ചന്ദനമരം said...

പെണ്ണിനെ എല്ലാവര്‍ക്കും പേടിയാണെന്ന് തോന്നുന്നു.

ശ്രീ said...

“പെണ്ണിനെ എല്ലാവര്‍ക്കും പേടിയാണെന്ന് തോന്നുന്നു.”

അങ്ങനെയാ‍ണോ?

Unknown said...

പേടിയെന്നാല്‍...........വിശ്വാസക്കുറവെന്ന അര്‍ത്ഥത്തിലാണെടുക്കേണ്ടത്. അത് ശരിയല്ലെ?

...: അപ്പുക്കിളി :... said...

Orupadu dhairyamullayalanennu manasilayi....

അശോക് കർത്താ said...

വായിച്ചു. നന്നായിട്ടുണ്ട്. പക്ഷെ ഒരു സംശയം മീനാക്ഷിയെ പിന്തുടരാനല്ലല്ലോ ഭാവം?

അനാഗതശ്മശ്രു said...

Good

asdfasdf asfdasdf said...

എഴുതൂ വായിക്കാം. ഒരു പെണ്ണെഴുതുന്നത് വായിക്കാന്‍ ആളെ കിട്ടാതെ വരില്ല. എല്ലാ ആശംസകളും.

Unknown said...

സത്യത്തില്‍ അപരിമിതമായ സ്വാതന്ത്ര്യത്തിലേക്കുള്ള എടുത്തെറിയപ്പെടലാണ് ഓരോ ജനനവും . എന്നാല്‍ ആ സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലായ്മ ഓരോ വ്യക്തിയെയും ഭീതിപ്പെടുത്തുന്നു . അത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഒരു പാരതന്ത്ര്യം ഓരോ ആളും സ്വയം വരിക്കുന്നു . അങ്ങിനെ അദൃശ്യമായ ഒരു ചങ്ങലയാല്‍ സ്വയം തളച്ചിടപ്പെട്ടവരാണ് എല്ലാവരും . സ്വാതന്ത്ര്യത്തിന്റെ അരാജകത്വം വേണോ , അടിമത്തത്തിന്റെ സുരക്ഷിതത്വം വേണോ എന്ന ചോദ്യം നേരിടേണ്ടി വരുമ്പോള്‍ , സുരക്ഷിതത്വം ഇരന്ന് വാങ്ങിയവരാണ് ചിലരൊഴികെ എല്ലാവരും . ഇല്ലാത്ത ഒരു നാളെയിലേക്ക് സ്വാതന്ത്ര്യത്തെ മാറ്റി വെച്ചിട്ട് ഇന്നിന്റെ അടിമത്തത്തില്‍ കലപില കൂട്ടുന്നവര്‍ മനുഷ്യര്‍ .....

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

hey!!!